ഫിലാഡൽഫിയ: ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് അമേരിക്കയുടെ പരമോന്നത ലിബർട്ടി മെഡൽ പുരസ്കാരം സമ്മാനിച്ചു.
ലോകമെമ്പാടും മതസ്വാതന്ത്ര്യം, മനുഷ്യന്റെ മനഃസാക്ഷിക്കും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തിയ പ്രവർത്തനങ്ങൾ മുൻനിർത്തി യുഎസ് നാഷണൽ കോൺസ്റ്റിറ്റ്യൂഷൻ സെന്ററാണ് പുരസ്കാരം നൽകിയത്.
അമേരിക്കയുടെ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് ഫിലാഡെൽഫിയയിലെ നാഷണൽ കോൺസ്റ്റിറ്റ്യൂഷൻ സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ വീഡിയോ കോൺഫറൻസിംഗ് മുഖേന പങ്കെടുത്തുകൊണ്ട് മാർപാപ്പ പുരസ്കാരം ഔദ്യോഗികമായി സ്വീകരിച്ചു.
പുരസ്കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ, അമേരിക്കയിൽ ജനിച്ച ആദ്യ മാർപാപ്പയായ അദ്ദേഹം തന്റെ ജന്മനാടിന്റെ ചരിത്രപരമായ ഈ മുഹൂർത്തത്തിൽ രാജ്യത്തിന് ആശംസകൾ നേർന്നു.
അമേരിക്കയുടെ ചരിത്രത്തിൽ കുടിയേറ്റക്കാർ നൽകിയ വലിയ സംഭാവനകളെ എടുത്തുപറഞ്ഞ മാർപാപ്പ, വ്യത്യസ്ത സംസ്കാരങ്ങളിൽനിന്നും രാജ്യങ്ങളിൽനിന്നുമുള്ള ജനങ്ങളെ ഇരുകൈയും നീട്ടി സ്വീകരിച്ച പാരമ്പര്യമാണ് അമേരിക്കയുടേതെന്നും അവരുടെയും അവരുടെ മക്കളുടെയും കഠിനാധ്വാനമാണ് ഈ രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുത്തതെന്നും ഓർമിപ്പിച്ചു.
കഴിഞ്ഞ ഏപ്രിലിൽ വത്തിക്കാനിൽ നടന്ന സ്വകാര്യ കൂടിക്കാഴ്ചയിൽ യുഎസ് നാഷണൽ കോൺസ്റ്റിറ്റ്യൂഷൻ സെന്ററിൽനിന്നുള്ള പ്രതിനിധിസംഘം നേരിട്ടെത്തി മാർപാപ്പയ്ക്ക് പുരസ്കാരം കൈമാറിയിരുന്നു. അന്നു സമ്മാനിച്ച മെഡൽ അണിഞ്ഞുകൊണ്ടാണ് വെള്ളിയാഴ്ച നടന്ന ഔദ്യോഗിക പുരസ്കാരദാന ചടങ്ങിൽ മാർപാപ്പ വെർച്വലായി പങ്കെടുത്തത്.